Search Bible | Read in Hindi | Read in English
1 പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.
2 ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
3 യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.
4 കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.
5 അവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.
6 ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാൽ അറിയാം.
7 പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
8 സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
9 ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
10 നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
11 പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
13 നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
16 ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
17 ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.
18 സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.
19 അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.
21 ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.
കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം
Bible databases provided by wordproject.org.
Follow our Facebook page to get site updates on the go.
Suggest a song to add to this site
Search for Songs
Please try alternate spellings while searching for non-English songs.