Skip to content

സത്യവേദപുസ്തകം

  • by

Search Bible | Read in Hindi | Read in English

A- A+

ന്യായാധിപന്മാർ | അദ്ധ്യായം 19

1 യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നു പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ളേഹെമിൽനിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.

2 അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ളേഹെമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാർത്തു.

3 അവളുടെ ഭർത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാൻ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവന്റെ വരവിങ്കൽ സന്തോഷിച്ചു.

4 യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ചു അവിടെ രാപാർത്തു.

5 നാലാം ദിവസം അവൻ അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോടു: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.

6 അങ്ങനെ അവർ ഇരുന്നു രണ്ടുപേരും കൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോടു: ദയചെയ്തു രാപാർത്തു സുഖിച്ചുകൊൾക എന്നു പറഞ്ഞു.

7 അവൻ പോകേണ്ടതിന്നു എഴുന്നേറ്റപ്പോൾ അവന്റെ അമ്മാവിയപ്പൻ അവനെ നിർബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു.

8 അഞ്ചാം ദിവസം അവൻ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.

9 പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനോടു: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്തു സുഖിക്ക; നാളെ അതികാലത്തു എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.

10 എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന്നു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.

11 അവൻ യെബൂസിന്നു സമീപം എത്തിയപ്പോൾ നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോടു: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ എന്നു പറഞ്ഞു.

12 യജമാനൻ അവനോടു: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുതു; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.

13 അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപാർക്കാം എന്നു പറഞ്ഞു.

14 അങ്ങനെ അവൻ മുമ്പോട്ടു പോയി ബെന്യാമീൻ ദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.

15 അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന്നു അവരെ വീട്ടിൽ കൈക്കൊൾവാൻ ആരെയും കണ്ടില്ല.

16 അനന്തരം ഇതാ, ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നു പാർക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.

17 വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.

18 അതിന്നു അവൻ: ഞങ്ങൾ യെഹൂദയിലെ ബേത്ത്ളേഹെമിൽനിന്നു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തേക്കു പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.

19 ഞങ്ങളുടെ കഴുതകൾക്കു വൈക്കോലും തീനും ഉണ്ടു; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരന്നും അപ്പവും വീഞ്ഞും കൈവശം ഉണ്ടു, ഒന്നിന്നും കുറവില്ല എന്നു പറഞ്ഞു.

20 അതിന്നു വൃദ്ധൻ: നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്കമാത്രമരുതു എന്നു പറഞ്ഞു,

21 അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്കു തീൻ കൊടുത്തു; അവരും കാലുകൾ കഴുകി ഭക്ഷണപാനീയങ്ങൾ കഴിച്ചു.

22 ഇങ്ങനെ അവർ സുഖിച്ചുകൊണ്ടിരിക്കുമ്പോൾ പട്ടണത്തിലെ ചില നീചന്മാർ വീടു വളഞ്ഞു വാതിലിന്നു മുട്ടി: നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.

23 വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കകൊണ്ടു ഈ വഷളത്വം പ്രവർത്തിക്കരുതേ.

24 ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിൻ; ഈ ആളോടോ ഈവക വഷളത്വം പ്രവർത്തിക്കരുതേ എന്നു പറഞ്ഞു.

25 എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ചു അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ പുണർന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാൽക്കാരം ചെയ്തു; നേരം വെളുപ്പാറായപ്പോൾ അവളെ വിട്ടുപോയി.

26 പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതിൽക്കൽ വീണുകിടന്നു.

27 അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതിൽ തുറന്നു തന്റെ വഴിക്കു പോകുവാൻ പുറത്തിറങ്ങിയപ്പോൾ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതിൽക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.

28 അവൻ അവളോടു: എഴുന്നേൽക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,

29 വീട്ടിൽ എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.

30 അതു കണ്ടവർ എല്ലാവരും: യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാൾ മുതൽ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ചു ആലോചിച്ചു അഭിപ്രായം പറവിൻ എന്നു പറഞ്ഞു.

കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം

Bible databases provided by wordproject.org.

Add to favourites (1)
Please login to bookmark Close
Rate this
Print this song
Add to favourites (1)
Please login to bookmark Close
Follow our Facebook page to get site updates on the go.
Suggest a song to add to this site

Search for Songs

Please try alternate spellings while searching for non-English songs.

Views: Today 1 | Total 1,999

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.