Search Bible | Read in Hindi | Read in English
1 ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
2 കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.
3 എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,
5 യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
6 അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
8 അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
9 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു.
10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
13 പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
15 ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ളേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
16 അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
18 കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
19 മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.
21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ
23 കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ
24 അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
25 യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.
26 കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
27 അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
28 അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി:
29 “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
36 ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
39 കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചുരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.
40 പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
41 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
42 അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
47 അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
49 അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.
50 അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
52 യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം
Bible databases provided by wordproject.org.
Follow our Facebook page to get site updates on the go.
Suggest a song to add to this site
Search for Songs
Please try alternate spellings while searching for non-English songs.