Menu Close

സത്യവേദപുസ്തകം

Search Bible | Read in Hindi | Read in English

A- A+

യെശയ്യാ | അദ്ധ്യായം 51

1 നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ‍‍; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ‍‍.

2 നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ‍; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർ‍ദ്ധിപ്പിച്ചിരിക്കുന്നു.

3 യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർ‍ജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.

4 എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ‍; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ‍; ഉപദേശം എങ്കൽ നിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും

5 എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ‍ ആശ്രയിക്കുന്നു.

6 നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയർത്തുവിൻ‍; താഴെ ഭൂമിയെ നോക്കുവിൻ‍; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല.

7 നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ‍; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു.

8 പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.

9 യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർ‍വ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർ‍പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?

10 സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?

11 യഹോവയുടെ വിമുക്തന്മാർ‍ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.

12 ഞാൻ‍, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ‍; എന്നാൽ മരിച്ചുപോകുന്ന മർ‍ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ‍?

13 ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?

14 പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല.

15 തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.

16 ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു.

17 യഹോവയുടെ കയ്യിൽ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.

18 അവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവൾ വളർ‍ത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല.

19 ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആർ‍ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?

20 നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവർ‍ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭർ‍ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു.

21 ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക.

22 നിന്റെ കർ‍ത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യിൽ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;

23 നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും അവർ‍ നിന്നോടു: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർ‍ക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നു.

കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം

Bible databases provided by wordproject.org.

Add to favourites (0)
Please login to bookmarkClose

No account yet? Register

Print this song

Add to favourites (0)
Please login to bookmarkClose

No account yet? Register


Please follow our Facebook page. Get site updates on the go.
Suggest a song to add to this site

Search for Songs

Please try alternate spellings while searching for non-English songs.

Views: Today 4 | Total 1,354

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.