Search Bible | Read in Hindi | Read in English
1 അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ.
2 എന്നാൽ ആവക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.
3 ആവക പ്രവർത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?
4 അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
5 എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
6 അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
7 നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു
8 നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.
9 തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
10 നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
11 ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
13 ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
14 ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
15 അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
17 നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും
18 ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും
19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,
20 ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
21 ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
22 വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
23 ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
24 “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
25 നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു.
26 അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
27 സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ?
28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
29 അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം
Bible databases provided by wordproject.org.
Please follow our Facebook page. Get site updates on the go.
Suggest a song to add to this site
Search for Songs
Please try alternate spellings while searching for non-English songs.