Search Bible | Read in Hindi | Read in English
1 അവർ ഏലീമിൽനിന്നു യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തിയ്യതി അവരുടെ സംഘം ഒക്കെയും ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു.
2 ആ മരുഭൂമിയിൽവെച്ചു യിസ്രായേൽ മക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു.
3 യിസ്രായേൽമക്കൾ അവരോടു: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
4 അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കി ക്കൊള്ളേണം.
5 എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.
6 മോശെയും അഹരോനും യിസ്രായേൽമക്കളോടു ഒക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങൾ അറിയും.
7 പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളു എന്നു പറഞ്ഞു.
8 മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നതു അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.
9 അഹരോനോടു: മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറക എന്നു പറഞ്ഞു.
10 അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.
11 യഹോവ മോശെയോടു: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു.
12 നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു.
13 വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.
14 വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.
15 യിസ്രായേൽമക്കൾ അതുകണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
16 ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി.
18 ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.
19 പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.
20 എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.
21 അവർ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അതു ഉരുകിപ്പോകും.
22 എന്നാൽ ആറാം ദിവസം അവർ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മൊശെയോടു അറിയിച്ചു.
23 അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.
24 മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
25 അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല.
26 ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.
27 എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല.
28 അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?
29 നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
30 അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
31 യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.
32 പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിതു: ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾക്കു മരുഭൂമിയിൽ ഭക്ഷിപ്പാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന്നു സൂക്ഷിച്ചുവെപ്പാൻ അതിൽനിന്നു ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.
33 അഹരോനോടു മോശെ: ഒരു പാത്രം എടുത്തു അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വെച്ചുകൊൾക എന്നു പറഞ്ഞു.
34 യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യ സന്നിധിയിൽ സൂക്ഷിച്ചുവെച്ചു.
35 കുടിപാർപ്പുള്ള ദേശത്തു എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻ ദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്നാ ഭക്ഷിച്ചു.
36 ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ)യുടെ പത്തിൽ ഒന്നു ആകുന്നു.
കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം
Bible databases provided by wordproject.org.
Follow our Facebook page to get site updates on the go.
Suggest a song to add to this site
Search for Songs
Please try alternate spellings while searching for non-English songs.