Search Bible | Read in Hindi | Read in English
1 യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —
2 ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
3 അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി.
4 അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.
5 അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
6 അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
7 ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു.
8 അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
9 ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —
10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
16 യേശു അവളോടു: “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറഞ്ഞു.
17 എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: “എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
18 അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു യേശു പറഞ്ഞു.
19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു.
27 ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
29 ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു.
33 ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
40 അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
43 രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടം വിട്ടു ഗലീലെക്കു പോയി.
44 പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
45 അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
46 അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.
47 യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
48 യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു.
49 രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
50 യേശു അവനോടു: “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.
51 അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
52 അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
53 ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
54 യേശു യെഹൂദ്യയിൽ നിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.
കഴിഞ്ഞ അദ്ധ്യായം | അടുത്ത അദ്ധ്യായം
Bible databases provided by wordproject.org.
Please follow our Facebook page. Get site updates on the go.
Suggest a song to add to this site
Search for Songs
Please try alternate spellings while searching for non-English songs.